Friday, September 2, 2011

ചിങ്ങപ്പുലരി പിറന്നു. മുറ്റത്ത്‌ പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി...

മാനം തെളിഞ്ഞു.. മനവും നിറഞ്ഞു..കള്ളകര്‍ക്കിടകം തകര്‍ത്തു പെയ്‌ത്‌ വരുത്താവുന്ന നാശനഷ്ടങ്ങളൊക്കെ വരുത്തി കടന്നു പോയി.....ചിങ്ങപ്പുലരി പിറന്നു. മുറ്റത്ത്‌ പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി...
മാവേലി മന്നന്‍ വാണിരുന്ന ആ കാലം.,മനുഷ്യരെല്ലാം ഒന്നായ കള്ളത്തരങ്ങളും, കള്ളപ്പറയും, പൊളിവചനങ്ങളും ഇല്ലാതിരുന്ന ആ ഭൂതകാലത്തിന്റെ അനുസ്‌മരണകളുണര്‍ത്തുന്ന പൊന്നില്‍ ചിങ്ങമാസത്തിലെ ഓണം ഇതാ പടിക്കലെത്തി.
ഓണക്കോടിയും, പൂക്കളവും ഓണസദ്യയുമായി ഓണം ഇതാ വന്നു കഴിഞ്ഞു. ഓരോ ഓണവും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളി സദ്യയൊരുക്കുവാനുള്ള പച്ചക്കറി വാങ്ങാന്‍ ചന്തയിലെത്തുമ്പോഴാണ്‌ ഞെട്ടിത്തുടങ്ങുന്നത്‌. പച്ചക്കറിക്ക്‌ തീപിടിച്ച വിലയാണ്‌. സ്വര്‍ണ്ണവില കൂടുന്നതു പോലെയാണ്‌ പച്ചക്കറിയുടെ വിലയും കൂടുന്നത്‌.
ഓണത്തിന്‌ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്‌ നേന്ത്രക്കായ. ഉപ്പേരിയും, ശര്‍ക്കരവരട്ടിയുമില്ലാതെ എന്തോണം. കായക്ക്‌ കിലോവിന്‌ 50 രൂപയില്‍ കവിയുമെന്നാണ്‌ കടക്കാര്‍ പറയുന്നത്‌. തൊട്ടുകൂട്ടാന്‍ ഇഞ്ചിക്കറി മുതല്‍ ഒഴിച്ചു ഉണ്ണാന്‍ ഒഴിച്ചുകറി, മെഴുക്കുപുരട്ടി, തോരന്‍, കാളന്‍, എരിശ്ശേരി, അവിയല്‍ മാത്രമല്ല എല്ലാ പച്ചക്കറികളും സമ്മേളിക്കുന്ന സാമ്പാര്‍ ഇവയെല്ലാം ഇലയില്‍ വിളമ്പാന്‍ ഇത്തവണ മലയാളികള്‍ വിഷമിക്കും. എല്ലാവരുടേയും കീശ കാലിയാവുകയും ചെയ്യും. എന്തായാലും ഓണം ആഘോഷിക്കാതെ തരമില്ലല്ലോ. സമ്പല്‍ സമൃദ്ധിയുടെ ഗതകാല സ്‌മരണകളുയര്‍ത്തി വന്നെത്തുന്ന പൊന്നോണം അമിത വിലയുടെ തീപ്പൊരികളാണ്‌ കോരിയിടുന്നത്‌. ആണ്ടിലൊരിക്കല്‍ വിരുന്നു വരുന്ന മാവേലിക്ക്‌ ലജ്ജിച്ചു തലതാഴ്‌ത്തി പാതാളത്തിലേക്കു തന്നെ പോകേണ്ടി വരും.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ക്ക്‌ അതിര്‍ത്തി കടക്കുമ്പോള്‍ വില കൂടുന്ന മാന്ത്രികവിദ്യ ഈ വര്‍ഷവും ആവര്‍ത്തിക്കും. അന്യദേശങ്ങളില്‍ നിന്നും നേന്ത്രക്കുല നമ്മുടെ ജില്ലയിലെത്തുന്നത്‌ വളരെ കുറഞ്ഞു. കൂടിയ വിലക്ക്‌ വാങ്ങാന്‍ മറ്റു ജില്ലകളില്‍ ആളുണ്ടെന്നതാണ്‌ സത്യം. നാടന്‍ മാര്‍ക്കറ്റിനെ മാത്രം ആശ്രയിച്ച്‌ ഓണം ആഘോഷിക്കേണ്ടി വന്നാല്‍ കറികളുടെ എണ്ണം കുറയ്‌ക്കേണ്ടി വരും.
സഹകരണ വിപണന മേളകളില്‍ ഇപ്പോള്‍ തിരക്കോടു തിരക്കാണ്‌. സര്‍ക്കാരിന്റെ കനിവു കൊണ്ട്‌ 1 രൂപ, 2 രൂപ നിരക്കില്‍ അരി വിതരണം നടക്കുന്നുണ്ടെങ്കിലും അത്‌ അളവില്‍ കുറവാണ്‌. വീണ്ടും റേഷന്‍കടക്കാരുടെ വെട്ടിപ്പും കഴിഞ്ഞ്‌ ഉപഭോക്താവിനു വളരെ കുറച്ചു മാത്രമേ ലഭിക്കുന്നുള്ളു. പക്ഷേ പച്ചക്കറി വാങ്ങാന്‍ നാടന്‍ മാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നു.
റംസാന്‍ പെരുന്നാളും ഇതിനിടയില്‍ വന്നതിനാല്‍ പഴവര്‍ഗ്ഗങ്ങള്‍ക്കും തീവിലയായി. നോമ്പുതുറക്കാന്‍ പഴങ്ങള്‍ അത്യാവശ്യഘടകമായതാണ്‌ പഴ വിപണിക്കും ഗ്ലാമര്‍ കൂടാന്‍ കാരണം. ഇന്ത്യന്‍ ആപ്പിളിന്‌ കിലോവിന്‌ 40 മുതല്‍ 100 രൂപ വരേയും മുന്തിരി 50, പച്ചമുന്തിരി 80 എന്നിങ്ങനെ ഉയര്‍ന്നു ഉയര്‍ന്നു പോകുന്ന വിലവിവരപട്ടിക. കച്ചവടക്കാര്‍ വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുകയാണ്‌.

കൈത്തറി വസ്‌ത്രങ്ങളാണ്‌ ഇത്തവണ ഓണത്തിന്‌ താരം. അതുപോലെ തന്നെ റെയിമെയ്‌ഡ്‌ വസ്‌ത്രങ്ങ വിപണനവും ഒട്ടും പിറകിലല്ല. ആര്‍ക്കും അളവെടുക്കാനും, തയ്‌പ്പിക്കാനും നേരമില്ല. കടയില്‍ നിന്നും റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങള്‍ വാങ്ങാന്‍ കിട്ടുമ്പോള്‍ ആര്‍ക്കാണ്‌ തുണിയെടുക്കാനും, തയ്‌പ്പിക്കാനും നേരം കിട്ടുന്നത്‌.

ചിങ്ങം പിറന്നതു മുതല്‍ ചിണുങ്ങി പെയ്യുന്ന മഴയെ വകവയ്‌ക്കാതെ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന്‌ മാവേലി സ്റ്റോറില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന മലയാളിക്ക്‌ വിലയെത്ര വര്‍ദ്ധിച്ചാലും പച്ചക്കറി വാങ്ങാതെ തരമില്ല. കിലോവിന്‌ 14 രൂപയായിരുന്ന സമ്പോള 20 രൂപയായി, പാവക്ക-15, ഉള്ളി-20, വെളുത്തുള്ളി-60, ഇളവന്‍-15, മച്ചങ്ങ-12, ഇഞ്ചി-40, കാരറ്റ്‌-25. പടവലം-26, കാബേജ്‌-25 ഇങ്ങിനെ പോകുന്നു പച്ചക്കറി കമ്പോള വില.
ഭക്ഷ്യസുരക്ഷ, ഹരിത കേരളം എന്ന പേരില്‍ സര്‍ക്കാര്‍ സംരഭങ്ങള്‍ ഉണ്ടെങ്കിലും ആ പദ്ധതികളെല്ലാം ഉദ്‌ഘാടന ചടങ്ങില്‍ മാത്രം ഒതുങ്ങുകയാണ്‌. പാടത്ത്‌ പണിയെടുക്കാനും, മണ്ണു കളച്ച്‌ പച്ചക്കറി നട്ടുനനയ്‌ക്കാനും മലയാളി മിനക്കെടാറില്ല. എല്ലാറ്റിനും അവര്‍ അന്യദേശക്കാരെ ആശ്രയിക്കുന്നു. എല്ലാ മലയാളികള്‍ളുടേയും സ്വപ്‌നം എ.സി മുറിയിലിരുന്ന്‌ ചെയ്യാവുന്ന ഒരു ജോലി അല്ലെങ്കില്‍ കൈ നനയാതെ മീന്‍പിടിക്കാവുന്ന ഒരു സൂത്രവിദ്യ-ബുദ്ധിമുട്ടാതെ പണമുണ്ടാക്കാവുന്ന ഒരു വിദ്യ-പക്ഷേ പലപ്പോഴും അവന്‍ ചെന്നു ചേരുന്ന ചതിക്കുഴികള്‍ അവര്‍ തന്നെ അറിയിന്നില്ലെന്നു മാത്രം.
കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി അര്‍ത്ഥവത്താകുന്നത്‌ ഈ കാലഘട്ടത്തിലാണ്‌. 'കാണം' മാത്രമല്ല കാണുന്നതെല്ലാം വില്‍ക്കേണ്ട ഗതികേടിലാണ്‌ സാധാരണക്കാര്‍. ഓരോ വ്യക്തിയും അല്‍പ്പമൊന്ന്‌ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ വിലക്കയറ്റത്തിനൊരു കടിഞ്ഞാണിടാം. ഓരോ വീട്ടിലും ഓരോ അടുക്കളത്തോട്ടം വച്ചു പിടിപ്പിക്കാന്‍ മുന്‍ കൈ എടുത്താല്‍-- ഒരു സാമ്പാറിനോ തോരനോ ഉള്ള എന്തെങ്കിലും സ്വന്തം വളപ്പിലുണ്ടാക്കാന്‍ സാധിച്ചാല്‍ മലയാളിക്ക്‌ അഭിമാനിക്കാം.
വില വര്‍ദ്ധനവിന്റെ ഈ സാഹചര്യത്തിലും ഓണം എന്നും പൊന്നോണമായി ഓരോ മലയാളിയുടേയും മനസ്സില്‍ നിറഞ്ഞു നില്‍ക്കട്ടെ.
എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍....

No comments:

Post a Comment