
ആറന്മുള എന്ന ഗ്രാമം കേരളത്തിലെ പൈതൃക ഗ്രാമമാണ്. കലയും, കായികവും, ഭക്തിയും, കരകൗശലതയും ഭക്തിയും ഒരുമിക്കുന്ന പള്ളിയോടങ്ങളുടെ ഉത്സവം എന്ന അത്യപൂര്‍വ്വ കലാരൂപത്തിന്റെ മികവിലാണ് പമ്പാനദിയുടെ തീരത്തുള്ള ഈ കൊച്ചുനാടിനെ പൈതൃ ഗ്രാമമായി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു മാസക്കാലം നാല്‍പ്പത്തിയാറു കരകളിലും നദോന്നതയുടെ താളത്തിലുള്ള കൃഷ്‌ണസ്‌തുതികള്‍ അലയടിക്കും. 800ലേറെ വര്‍ഷത്തെ പഴക്കമുള്ള ജലകേളിയുടെ വശ്യസൗന്ദര്യം നുകരാന്‍ ലോകം മുഴുവന്‍ ഇക്കാലയളവില്‍ ആറന്മുളയിലേക്കെത്തും.
ചിരപുരാതനമായ പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ആറന്മുളയുടെ ജീവിതം. അതുകൊണ്ടു തന്നെയാണ് ഇവിടുത്തെ ചുണ്ടന്‍വള്ളങ്ങളെ പള്ളിയോടങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിലെ സവിശേഷമായ ഒരു ആചാരണാണു വള്ളസദ്യ. ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആചാര നിബിഡമായ ചടങ്ങ്. അന്നദാന പ്രഭുവായ തിരുവാറന്മുളയപ്പനും, ഭക്തര്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടു കൂടിയാണിത്. വഴിപാടു സമര്‍പ്പിക്കുന്ന പള്ളിയോടം കരയില്‍ നിന്നും അനുവാദം വാങ്ങിയാണു സദ്യ നടത്തുക. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകള്‍ പാടിയാണിവ പമ്പയിലൂടെ തുഴഞ്ഞു ആറന്മുളയിലേക്കെത്തുന്നത്. രാമപുരത്തു വാരിയരുടെ കുചേലവൃത്തം, ഭീഷ്‌മപര്‍വ്വം, രാമായണം, ഭഗവത്‌ദൂത്, നളചരിതം, സന്താനഗോപാലം, വച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയില്‍ പാടുന്നത്. ക്ഷേത്രക്കടവിലെത്തുന്ന കരക്കാരെ വഴിപാടുകാരന്‍, വെറ്റില, പുകയില നല്‍കി, അഷ്ടമംഗല്യം, വാദ്യമേളങ്ങള്‍, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ സ്വീകരിക്കുന്നു. ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്‌തു കരക്കാര്‍ വള്ളസദ്യയില്‍ പങ്കെടുക്കുന്നു. നാല്‍പ്പത്തെട്ടു കൂട്ടം വിഭവങ്ങളാല്‍ സമൃദമായ സദ്യയില്‍ കരക്കാര്‍ വിഭവങ്ങള്‍ പാടി ചോദിക്കുകയാണ് പതിവ്. വള്ളസദ്യയുടെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങു കൂടിയാണിത്. 31നു വഴിപാട് വള്ളസദ്യകള്‍ ആരംഭിക്കും. അന്നുതന്നെ 15-ഓളം പള്ളിയോടങ്ങള്‍ സദ്യയില്‍ പങ്കെടുക്കും.
പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഓഗസ്‌റ്റ് 21ന്. 2 ലക്ഷത്തിലധികം പേരാണ് അന്നു സദ്യയില്‍ പങ്കെടുക്കുക. മൂന്നു ദിവസം മുമ്പാണ് സദ്യയ്‌ക്കുള്ള പാചകം ആരംഭിക്കുന്നത്. 350 ഓളം പേര്‍ ഓരോ ദിവസവും സദ്യാ ജോലികളില്‍ ഭാഗഭാക്കാകും. അഷ്ടമിരോഹിണി വള്ളസദ്യ നടത്തുന്നതു പള്ളിയോട സേവസംഘവും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഭക്തജനങ്ങളും ചേര്‍ന്നുള്ള വള്ളസദ്യ നിര്‍വ്വഹണ സമിതിയാണ്. സദ്യക്കാവശ്യമായ പാളത്തൈര് ഇക്കുറിയും ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടയില്‍ നിന്നും എത്തിക്കും.
സെപ്‌തംബര്‍ 9 നാണ് പ്രസിദ്ധമായ തിരുവോണ തോണി വരവ്. മൂലം നാളില്‍ കോട്ടയം കുമാരനെല്ലൂരില്‍ നിന്നും നദി മാര്‍ഗ്ഗം കാട്ടൂരിലെത്തുന്ന മങ്ങാട്ട് ഭട്ടതിരിയാണു തോണിയില്‍ ഭഗവാന് ഓണസദ്യയ്‌ക്കുള്ള വിഭവങ്ങളുമായി തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുളയിലെത്തുന്നത്. ഐതീഹ്യ പെരുമയുമായി ആറന്മുളയിലെത്തുന്ന ഭട്ടതിരിക്ക് ഈ വര്‍ഷം പള്ളിയോട സേവാസംഘം പുതിയ അറിയിപ്പു തോണി നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഇതിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്.
സെപ്‌തംബര്‍ 14നാണു വിശ്വേത്തരമായ ആറന്മുള ഉത്തൃട്ടാതി ജലമേള. 46 പള്ളിയോടങ്ങളാണ് ഇക്കുറി ജലമേളയില്‍ പങ്കെടുക്കുന്നത്. സമീപക്കാലത്തെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. അടുത്ത വര്‍ഷം പള്ളിയോടങ്ങളുടെ എണ്ണം അമ്പതായി ഉയരും.
പള്ളിയോടങ്ങളെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് കരക്കാര്‍. മീന്‍നെയ്യ് പുരട്ടലും, ആടയാഭരണ നിര്‍മ്മാണവും, അറ്‌കുറ്റ പണികളും പൂര്‍ത്തിയായി കഴിഞ്ഞു. മിക്ക പള്ളിയോടങ്ങളും വരുന്ന ദിവസങ്ങളില്‍ നീരണിയും. ഭാരതത്തിലെ വൈഷ്‌ണ-തിരുപ്പതികളില്‍ ഒന്നായ ആറന്മുളയുടെ സാംസ്‌ക്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന ചടങ്ങാണ് ജലമേളയും, വള്ളസദ്യയും
അവലംബം :: മെട്രോ വാര്‍ത്ത
No comments:
Post a Comment