Friday, August 12, 2011

കോഴിക്കോട് ഇരട്ട സ്‌ഫോടനം :: നസീറിനും ഷഫാസിനും ജീവപര്യന്തം





കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവും ശിക്ഷയാണ് ജഡ്ജി എസ്. വിജയകുമാര്‍ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നസീര്‍ ഒന്നാംപ്രതിയും ഷഫാസ് നാലാം പ്രതിയുമാണ്.

കോഴിക്കോട് ഇരട്ട സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്ന് വ്യക്തമാക്കിയ പ്രത്യേക കോടതി പ്രതികളായ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് പ്രതികളായ അബ്ദുള്‍ ഹാലിമിനെയും ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെ വിടുകയും ചെയ്തു.

രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെയുള്ള അഞ്ച് കുറ്റകൃത്യങ്ങള്‍ തടിയന്റവിട നസീറിനും ഷഫാസിനും എതിരെ തെളിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഏറ്റവും കൂടിയ ശിക്ഷയായ ജീവപര്യന്തം കഠിനതടവ് വിധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മാപ്പുസാക്ഷിയായ ഷമ്മി ഫിറോസിന്റെയും മറ്റ് സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തിക്കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതിയായ അബ്ദുള്‍ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വെറുതെ വിട്ടത്. ചെട്ടിപ്പടി യൂസഫിന് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി എന്‍.ഐ.എ ആരോപിച്ചുവെങ്കിലും അതിന് തെളിവില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞു.



ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് എന്‍.ഐ.എ അന്വേഷിച്ച് കഴിഞ്ഞ വര്‍ഷം കുറ്റപത്രം നല്‍കിയത്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി രഹസ്യ വിചാരണയാണ് കോടതിയില്‍ നടന്നത്.

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനങ്ങള്‍ പ്രതികള്‍ ആസൂത്രണം ചെയ്തത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ സ്‌ഫോടനം നടന്നശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിലും സ്‌ഫോടനം നടന്നു. ആരും കൊല്ലപ്പെട്ടില്ല. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം ആസൂത്രണം ചെയ്ത ഗൂഢാലോചനയില്‍ നസീറിനും ഷഫാസിനും പങ്കുള്ളതായി തെളിവുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു.

രണ്ടാം മാറാട് കേസില്‍ മുസ്‌ലിങ്ങളായ പ്രതികള്‍ക്ക് ജാമ്യം കിട്ടാതെ വന്നപ്പോഴാണ് പ്രതികള്‍ സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയത്. സര്‍ക്കാരിന് എതിരായ പ്രതിഷേധ പ്രകടനം കൂടിയായിരുന്നു അത്. കുറച്ചുകൂടി വലിയ സ്‌ഫോടനമാണ് പ്രതികള്‍ ഉദ്ദേശിച്ചതെന്ന് തെളിവുകള്‍ വിലയിരുത്തിയ കോടതി പറഞ്ഞു. ഇരട്ട സ്‌ഫോടനം ആസൂത്രണം ചെയ്തത് തീവ്രവാദി ആക്രമണമായിട്ടു മാത്രമേ കാണാന്‍ കഴിയൂ എന്ന് തെളിവുകളും കേസിലെ സാഹചര്യങ്ങളും വിലയിരുത്തിയ കോടതി പറഞ്ഞു.

ഇരുവിഭാഗം ജനങ്ങള്‍ തമ്മില്‍ ജാതി-മത വിദ്വേഷം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ എന്‍.ഐ.എ ആരോപിച്ചതിനോട് കോടതി യോജിച്ചു. വെള്ളിയാഴ്ച ദിവസമാണ് സ്‌ഫോടനം നടന്നത്. ആ സമയം മുസ്‌ലിങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന സമയമായതിനാല്‍ അവരെ അനിഷ്ടസംഭവത്തില്‍ നിന്ന് ഒഴിവാക്കുക കൂടിയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോടതി പറഞ്ഞു. സ്‌ഫോടനത്തില്‍ ആസൂത്രണം ചെയ്തത് തീവ്രവാദ പ്രവര്‍ത്തനമായതിനാല്‍ അതിനെ രാജ്യദ്രോഹമായി നിയമപ്രകാരം കണക്കാക്കാമെന്നും കോടതി നിഗമനത്തിലെത്തി. സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതില്‍ മുന്‍കൈ എടുത്തത് തടിയന്റവിട നസീറാണ്.

കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലാണ്. അവര്‍ വിദേശത്തായതിനാല്‍ പിടികൂടാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഒരു പ്രതി മരിച്ചുപോയി. മറ്റൊരു പ്രതിയായ ഷമ്മി ഫിറോസാണ് മാപ്പുസാക്ഷിയായത്. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഡ്വ. കെ. രാംകുമാര്‍, അഡ്വ. കുഞ്ഞബ്ദുള്ള എന്നിവരും എന്‍.ഐ.എക്ക് വേണ്ടി അഡ്വ. കെ.എന്‍. രവീന്ദ്രനും ഹാജരായി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലും നസീര്‍ പ്രതിയാണ്.

കടപ്പാട് മാതൃഭൂമി

No comments:

Post a Comment