
മേടമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ കൊടികയറി തിരുവോണം നാളിലെ ആറാട്ടോടുകൂടി സമാപിക്കുന്ന ഇരിങ്ങാലക്കുടയുടെ തിരുവുത്സവത്തിന് ആനക്കാഴ്ചയിലും ഉണ്ട് ഏറെ പ്രത്യേകതകള്‍. ഇന്ത്യയിലെതന്നെ ഏക ഭരതക്ഷേത്രം എന്ന് അറിയപ്പെടുന്ന ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ തിരുവുത്സവത്തിന് ഭഗവാന് ആനപ്പുറത്തെഴുന്നളളുമ്പോള് വലത്തെ കൂട്ടും ഇടത്തെ കൂട്ടും രണ്ട് കുട്ടിയാനകളാണ് പതിവ് ഇത് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്. കുട്ടികുസൃതിയുടെ കുഞ്ഞന്‍ തലകുലുക്കി ഭഗവാന് അകമ്പടി സേവിക്കുന്ന ഈ കുട്ടികൊമ്പന്മാരെ കാണാന്‍ കുട്ടികളും വലിയവരും ഉള്‍പ്പെടെ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടാറുളളത്. പൂരപ്രേമികളുടെ എണ്ണത്തിനത്രതന്നെ ഡിജിറ്റല്‍ ക്യാമറകളുടെ എണ്ണവും വര്‍ദ്ധിച്ച ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഈ കുട്ടികൊമ്പന്മാരുടെ മുഖത്തുനിന്ന് ക്യാമറ ഒഴിഞ്ഞ നേരം കാണില്ല.

തിരുവുത്സവത്തിലെ ആനപ്പെരുമയിലെ മറ്റൊരു പ്രത്യേകത ഭഗവാനു അകമ്പടി സേവിക്കുന്ന കുട്ടികൊമ്പന്മാരടക്കമുളള പതിനേഴ് ആനകളില്‍ പത്ത് ആനകളുടെ നെറ്റിപ്പട്ടം വെളളിയില്‍ തീര്‍ത്തതായിരിക്കും. മറ്റുളളവ മറ്റു ഇടങ്ങളില്‍ നാം കാണുന്നതുപോലെയുളള സ്വര്ണ്ണനിറത്തിലുളളതും. ഉള്ളാനകള്‍ എന്ന് അറിയപ്പെടുന്ന കുട്ടികൊമ്പന്മാര് ധരിക്കുന്ന കൊച്ചു നെറ്റിപ്പട്ടവും വളരെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്.
ആനച്ചമയങ്ങളുടെ പ്രത്യേകതകള്‍ ഇങ്ങിനെ നീളുമ്പോള്‍ ഈ ചമയങ്ങള്‍ അണിയാന്‍ എത്തുന്ന കൊമ്പന്മാരും കേരളത്തിലെ അറിയപ്പെടുന്ന പുരുഷ കേസരികള്‍ തന്നെയാകും. പഞ്ചാരി മേളത്തിന്റെ കാലങ്ങള്‍ കൊട്ടികയറുമ്പോള്‍ പഞ്ചാരിയുടെ താളത്തില്‍ തലയാട്ടുന്ന കൊമ്പന്മാര് ഉത്സവക്കാഴ്ചകളിലെ സൗന്ദര്യലഹരിയാണ്.
രാവിലെ ശീവേലിക്കുശേഷം സമീപത്തെ വീടുകളിലേക്കും നാട്ടിടവഴികളിലൂടെയെല്ലാം സഞ്ചരിച്ച് നാട്ടുകാരും ആനപ്രേമികളും നല്കുന്ന പട്ടയും, ചക്കയും, പഴക്കുലയും എല്ലാം ഭക്ഷിച്ച് വയറു വീര്പ്പിച്ചുവരുന്ന കൊമ്പന്മാര് വെയില് ആറി തുടങ്ങുമ്പോഴേക്കും ക്ഷേത്രത്തിനു മൂന്പിലുളള കൊട്ടിലായ്ക്കല്‍ പറമ്പിലും പടിഞ്ഞാറെ നടയിലെ തീര്ത്ഥകുളത്തിനു സമീപമുളള ടാങ്കില്‍നിന്നും വെളളമെടുത്ത് തുമ്പികൈകൊണ്ട് സ്വയം 'ഷവര്‍' തീര്‍ത്ത് കുളിക്കുന്ന കറുത്ത സുന്ദരന്മാരെ കാണാനും ആനപ്രേമികള്‍ തടിച്ചുകൂടാറുണ്ട്. കുളികഴിഞ്ഞ് സുന്ദരകുട്ടപ്പനായി ഭസ്മക്കുറിതൊട്ട് തുമ്പികൈ കെട്ടി അനുസരണയുളള ഒരു നല്ല കുട്ടിയെപോലെ കൂത്തമ്പലത്തിനരികിലൂടെ നടന്നുപോകുന്ന കൊമ്പന്മാര് ഉത്സവപ്പറമ്പിലെ നയനാന്ദകരമായ ഒരു വേറിട്ട കാഴ്ചയാണ്.
വേദസ്വരൂപിയും, ജ്ഞാനതപസ്വിയുമായ സംഗമേശന്റെ തിരുവുത്സവത്തിന് ഇക്കുറി എത്തുന്ന ഗജവീരന്മാര് ഇവരൊക്കെയാണ്. തിരുവമ്പാടി ശിവസുന്ദര്‍, എറണാകുളം ശിവകുമാര്‍, ഗുരുവായൂര്‍ നന്ദന്, ചേറ്റുവ കണ്ണന്, ചിറയ്ക്കല്‍ മഹാദേവന്, തായങ്കാവ് മണികണ്ഠന്, തിരുവമ്പാടി ചന്ദ്രശേഖരന്, ചെമ്പൂത്ര ദേവിദാസന്, എടക്കുന്നി അര്ജ്ജുനന്, ചെര്‍പ്പുളശ്ശേരി ശേഖരന്, ചെര്‍പ്പുളശ്ശേരി അയ്യപ്പന്, ബാസ്റ്റ്യന്‍ വിനയസുന്ദര്‍, പാറമേക്കാവ് രാജേന്ദ്രന്, മുളളത്ത് ഗണപതി, ചുണ്ടംപെറ്റ കൃഷ്ണന്‍കുട്ടി, കെ.കെ.ആര് പത്മനാഭന്, തിരുവമ്പാടി രാമഭദ്രന്, പാറന്നൂര്‍ നന്ദന്, ഊട്ടോളി അയ്യപ്പന്, കൂത്താട്ടുകുളം പരശുരാമന്, ചിറയ്ക്കല്‍ ശിവന് (ഉളളാന), കളരിക്കാവ് അമ്പാടി കണ്ണന് (ഉളളാന), കേരളമണ്ണിന് പേരുകേട്ട ഗജകേസരികള്‍ സംഗമേശന്റെ മണ്ണിലേക്ക് കയറിവരുമ്പോള്‍ അവരെ സ്വീകരിച്ച് ആനയിക്കാനും കൊടിപ്പുറത്ത് വിളക്കിന് ഭഗവാന്റെ തിടമ്പ് ശിരസിലേറ്റാനും ഇരിങ്ങാലക്കുടയുടെ സ്വന്തം കൂടല്‍മാണിക്യം മേഘാര്ജ്ജുനനും ഉണ്ടാകും
No comments:
Post a Comment