Wednesday, January 19, 2011

മൊബൈല്‍ വിപ്ലവത്തില്‍ നാഴികക്കല്ല്‌ എം.എന്‍.പി കേരളത്തില്‍ 2011 ജനുവരി 20 മുതല്‍

ആശയ വിനിമയ രംഗത്തെ രണ്ടാം തലമുറയില്‍പ്പെട്ട (2 ജി) മൊബൈല്‍ഫോണ്‍ വിപ്ലവത്തില്‍ പുതിയ നാഴികക്കല്ലായി കേരളം ഉള്‍പ്പെടെയുള്ള ടെലികോം സര്‍ക്കിളുകളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി്‌ (എം.എന്‍.പി) സംവിധാനം 20-01-2011 വ്യാഴാഴ്‌ച നിലവില്‍ വരും. നിലവിലുള്ള മൊബൈല്‍ഫോണ്‍ നമ്പര്‍ മാറാതെ തന്നെ സേവനദാതാവിനെ മാറാനുള്ള സൗകര്യമാണ്‌ ഇതോടെ ഉപഭോക്താവിനു സ്വന്തമാകുന്നത്‌. മെച്ചപ്പെട്ട സേവനദാതാവിനെ തെരഞ്ഞെടുക്കാന്‍ വിപുലമായ സ്വാതന്ത്രൃമാണ്‌ ഇതോടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്‌. നിരക്കുകളുടെ സൗജന്യങ്ങളുടെ കാര്യത്തില്‍ ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരത്തിനും എം.എന്‍.പി കളമൊരുക്കും. സ്‌പെക്ട്രം കേസില്‍ കുടുങ്ങിയ ഏതെങ്കിലും സേവന ദാതാവിനു ലൈസന്‍സ്‌ നഷ്ടമായാല്‍ പോലും ഉപഭോക്താവിനു സ്വന്തം നമ്പര്‍ നഷ്ടപ്പെടാതെ അതേ നമ്പറില്‍ പുതിയ കണക്ഷനെടുക്കാന്‍ കഴിയും. 2009 ഡിസംബര്‍ 32ന്‌ രാജ്യത്തെ മെട്രോ നഗരങ്ങളിലും, 2010 മാര്‍ച്ചില്‍ ശേഷിക്കുന്ന പ്രദേശങ്ങളിലും എം.എന്‍.പി നടപ്പിലാക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌. പല തവണ മാറ്റിവച്ചതിനു ശേഷം കഴിഞ്ഞ നവംബര്‍ 24ന്‌ ഹരിയാന സര്‍ക്കിളില്‍ മാത്രമായി ഇതിനു തുടക്കമിട്ടു. ജനുവരി 20 വ്യാഴാഴ്‌ച മുതല്‍ ഈ സേവനം ശേഷിക്കുന്ന സര്‍ക്കിളുകളിലും ലഭ്യമാകും. കേരള സര്‍ക്കിള്‍ ഉള്‍പ്പെടുന്ന സോണില്‍ എം.എന്‍.പി ഇന്റര്‍ കണക്ഷന്‍ ടെലികോം സൊലൂഷന്‍സ്‌ എന്ന കമ്പനിയാണ്‌ എം.എന്‍.പി സേവനം സാധ്യമാക്കുന്നത്‌. ബി.എസ്‌.എന്‍.എല്ലിന്റെ എം.എന്‍.പി ജനുവരി മാസം അവസാനമേ തയ്യാറാകൂ. എം.എന്‍.പി ആദ്യം തുടങ്ങിയ ഹരിയാനയില്‍ മികച്ച പ്രതികരണമാണ്‌ ഉണ്ടായത്‌. അവിടെ ഒരു ലക്ഷത്തോളം പേര്‍ എം.എന്‍.പി സേവനം പരീക്ഷിച്ചു കഴിഞ്ഞു. പഴയ നമ്പര്‍ മാറാതെ തന്നെ സേവനദാതാവിനെ മാറാന്‍ ഉപഭോക്താവിനു കഴിയുന്നതോടെ മൊബൈല്‍ ടെലികോം കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്‌. ഇത്‌ ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനവും, സൗജന്യവും ലഭിക്കാന്‍ ഇടയാക്കുമെന്നാണു കണക്കു കൂട്ടല്‍.

No comments:

Post a Comment